Monday, June 17, 2013

അച്ഛന്മാര്‍ക്കായി ഒരു ദിവസം- Happy Father's DAY

ഇതിലും കൂടുതല്‍ എനിക്ക് എഴുതാന്‍ ആകില്ല എന്ന് തോന്നിയപ്പോള്‍, പണ്ടെഴുതിയത് തന്നെ റിപോസ്റ്റ്ന്നു :) . എല്ലാ അച്ഛന്മാര്‍ക്കും ഒരുപാട് സ്നേഹത്തോടെ, ഒത്തിരി നന്ദിയോടെ......


http://swanthamsyama.blogspot.com/2010/06/blog-post.html



ഓര്‍മ്മയിലെ ആദ്യ പുരുഷന്‍ അച്ഛനാണ്, ആദ്യ ഹീറോയും അച്ചന്‍ തന്നെ. ഇതിനെ ഒരു കഥയായി എഴുതണോ എന്നാലോചിച്ചു, സാഹിത്യം വേണ്ട എന്ന് മനസ് പറഞ്ഞു. ഇത് എന്‍റെ അച്ഛന് വേണ്ടി ഒരു ഓര്‍മ്മക്കുറിപ്പ് അല്ല, അച്ഛനെക്കുറിച്ചുള്ള എന്‍റെ  ഓര്‍മ്മകളാണ്, അടുക്കും ചിട്ടയും ഇല്ലാതെ ചിതറിത്തെറിച്ച ഓര്‍മ്മകള്‍... 
അച്ഛന്‍ ഒരിക്കലും കഥ പറഞ്ഞുറക്കിയതായൊന്നും ഓര്‍മ്മയില്ല, പക്ഷേ, എന്നെ  അക്ഷരങ്ങളുടെ ആ മാന്ത്രികലോകത്തിലേക്ക്‌ എത്തിച്ചത് അച്ഛനാണ്. ആദ്യമായി, കുട്ടികള്‍ക്ക് വേണ്ടിയുള്ള രാമായണം അമര്‍ച്ചിത്രകഥ   വായിച്ചപ്പോള്‍ "ആത്മഹത്യ " എന്ന വാക്കിന്റെ അര്‍ത്ഥം അറിയാതെ കുഴങ്ങിപ്പോയി ഞാന്‍, അച്ഛന്‍ വരാന്‍ കാത്തിരുന്ന് ആ വാക്കിന്‍റെ അര്‍ഥം കണ്ടെത്തിയപ്പോള്‍ എനിക്കാകെ നിരാശയായി. കാണാനും കേള്‍ക്കാനും ഒരു പോലെ ഭംഗിയുള്ള ആ വാക്കിന്‍റെ  അര്‍ത്ഥം "തന്നത്താനെ മരിക്കുക" എന്നാണത്രേ. അച്ഛന്‍ കൊണ്ട് തന്ന ആ സചിത്ര പുസ്തകത്തിലെ ചുമന്ന സാരിയുടുത്ത സീത, എന്തിനാ ലക്ഷമണനോട് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസിലായതേയില്ല, അതിനുശേഷംഒരു രണ്ടാം ക്ലാസ്സുകാരിയുടെ ജീവിതത്തിലേക്ക് pearl .s . buck ന്‍റെ  "നല്ല ഭൂമി" അവതരിപ്പിച്ചതും അച്ഛന്‍. വായിച്ചത് പലതും മനസ്സിലാകാതെയിരുന്നിട്ടും അത് മുഴുവന്‍ വായിച്ചു തീര്‍ത്തപ്പോള്‍ ഒരു മാല കയറിയ സന്തോഷം ആ എട്ടുവയസുകാരിക്ക് ഉണ്ടായി.

നല്ല ശബ്ദത്തില്‍ പഴയ പാട്ടുകള്‍ പാടിയിരുന്ന അച്ഛന് യേശുദാസിന്‍റെ  ച്ഛായ ഉണ്ടെന്ന ഒറ്റ കാരണത്താല്‍ (അത് പോലെ ഒരു താടി അച്ഛനും ഉണ്ടേ ..) കൂട്ടുകാരോട് "എന്‍റെ അച്ഛനും ദാസേട്ടനും കൂട്ടുകാരാണെന്ന് " ആ പഴയ ഫ്രോക്കുകാരി വീമ്പിളക്കിയിരുന്നു. അച്ഛന്‍റെ  എപ്പോഴത്തെയും  ഇഷ്ട നടി ചുരുണ്ട മുടിയും സുന്ദരമായ ചിരിയുമുള്ള K.R.വിജയ ആയിരുന്നു, പിന്നെ വിടര്‍ന്ന കണ്ണുകളുള്ള ശ്രീവിദ്യാമ്മയും. രണ്ടു പേരോടും എനിക്കും ഒരു നൊസ്റ്റാല്‍ജിക്ക് ഇഷ്ടം ഉണ്ട്, ഇപ്പോളും. ഇഷ്ട നടന്‍ 'the legend'- BIG B അമിതാഭ്ബച്ചനും, ജ്യേഷ്ഠനു അമിതാഭ് എന്ന് പേരിട്ടത് ഈ കമ്പം കാരണമാണോ എന്നുപോലും ഞങ്ങള്‍ സംശയിച്ചിട്ടുണ്ട്. അച്ഛനോടും അമ്മയോടും ഇരട്ടച്ചേട്ടന്മാരോടും ഒപ്പം നാട്ടിലെ പഴയ തിയേറ്ററില്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ സിനിമ കാണാന്‍ പോകുമായിരുന്നു. തമിഴ് പടവും മലയാളം പടവും ഇംഗ്ലീഷ് ഇടിപ്പടങ്ങളും വന്നിരുന്ന ആ കൊട്ടകയില്‍ കണ്ട ആദ്യത്തെ ഹൌസ്ഫുള്‍ ചിത്രമാണ് വടക്കന്‍ വീരഗാഥ. ഓര്‍മ്മയില്‍ ഇന്നും നില്‍ക്കുന്ന ചിത്രങ്ങള്‍ തിരുവിളയാടലും, 3D മൈ ഡിയര്‍ കുട്ടിച്ചാത്തനും,ജ്ഞാനസുന്ദരിയും ആണ്. ഏട്ടന്മാരോടൊപ്പം ജാക്കി ചാന്‍ പടങ്ങള്‍ കാണാന്‍ എന്നെയും അച്ഛന്‍ വിടുമായിരുന്നു. 6 വയസുള്ള ഞാനും, 11 വയസുള്ള ഏട്ടന്മാരും, ഏട്ടന്മാരുടെ കൂട്ടുകാരും...അങ്ങനെ ഒരു കുട്ടിപ്പട്ടാളം ഉണ്ടാകും ആ യാത്രയില്‍.
ബാല്യകാല ഓര്‍മകളില്‍, അച്ഛനോടും ഏട്ടന്മാരോടും ഒത്തു ക്രിക്കറ്റും ഫുട്ബാളും കണ്ട നാളുകള്‍.. അമ്മയെ ക്രിക്കറ്റ്‌ കളി പഠിപ്പിക്കാന്‍ പാട്പെട്ട് മടുത്തു മതിയാക്കി ഞങ്ങള്‍ ഇരിക്കുമ്പോള്‍ "ഇനി ആരാ ബാറ്റു ചെയ്യുന്നേ" എന്ന ചോദ്യവുമായി അമ്മയെത്തും, ലോകകപ്പു ഫുട്ബോളിനിടയില്‍ !!!! രാത്രികാലങ്ങളില്‍ ഉറക്കമിളച്ചു ഫുട്ബാള്‍ കണ്ടിരുന്ന അച്ഛനോട് അമ്മ ചോദിക്കുമായിരുന്നു, "ഇത്ര കഷ്ടപ്പെട്ട് ഈ കുന്തം കാണണോ !!!" പക്ഷെ ആ ദിവസങ്ങളിലാണ് ഞാന്‍ ഫുട്ബോള്‍ എന്താണെന്നു അറിഞ്ഞത്. ഇന്ന് ഫുട്ബാള്‍ ആരാധകനായ ഭര്‍ത്താവും ഒത്ത് രാത്രികാലങ്ങളില്‍ ജെര്‍മനിക്കും ഹോല്ലണ്ടിനും അര്‍ജെന്റീനക്കും വേണ്ടി ഉറക്കമൊഴിഞ്ഞു ഇരിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കും ആ പഴയ black&white കാലങ്ങള്‍.
പണ്ട് മുതലേ രാത്രി പഠിച്ചായിരുന്നു ശീലം, ആ ശീലം ഉണ്ടാക്കിയത് അച്ഛനും. ഞാന്‍ പഠിക്കുമ്പോള്‍ അച്ഛന്‍ ഏതെങ്കിലും ബുക്കുമായി അപ്പുറത്തെ ഹാളില്‍ ഉണ്ടാകും, ഇടയ്ക്കിടെ കട്ടന്‍ കാപ്പിയുമായി വന്നു പഠിത്തം ഉഷാറാക്കും അച്ഛന്‍. ഞാന്‍ പഠിക്കാത്ത ദിവസങ്ങളിലും അച്ഛന്‍ ബുക്കുമായി പുലരുവോളം ഇരിക്കും, ഓഷോ,ദാസ്തെസ്വ്കി,സംസ്കൃതഭാരതം ..... ഒന്നും മനസിലായിരുന്നില്ല അന്ന് (ഇന്നും !!!)
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉപജില്ല യുവജനോത്സവത്തിനു കവിതാ പാരായണ മത്സരം, രാവിലെ വല്ലാത്തൊരു സന്തോഷം, പോകാന്‍ ഒരുങ്ങുമ്പോള്‍ കുളിക്കിടയില്‍ മൂളിയത് എന്താണെന്നു എനിക്കിന്നും അറിയില്ല, പക്ഷെ അച്ഛന്‍ പറഞ്ഞു അത് ത്യാഗരാജ സ്വാമികളുടെ ഏതോ കീര്‍ത്തനം ആണത്രേ. അന്നത്തെ യാത്രയില്‍ ടീച്ചറിനോടും കൂട്ടുകാരോടും സംസാരിച്ചത് അതിനെ കുറിച്ച് മാത്രമായിരുന്നു.....!
രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം ഭാവം വല്ലാതെ ഉണ്ടായിരുന്നത്, ഒരു പക്ഷെ അച്ഛന്റെ ഉള്ളിലെ നക്സല്‍ അനുഭാവം കാരണമാകാം, അതിനാല്‍ തന്നെ അച്ഛന്‍ ഹീറോ ആയിരുന്നു ഞങ്ങള്‍ക്ക്. എന്നെയും ചേട്ടന്മാരെയും അടുത്തിരുത്തി അച്ഛന്‍ ലോക കാര്യങ്ങളെക്കുറിച്ച് പറയുമായിരുന്നു , പലതും മനസിലാകില്ല, മനസിലാകുന്നതൊക്കെ അന്ന് തന്നെ കൂട്ടുകാരുടെ മുന്‍പില്‍ വിളമ്പി ആളാകുകയും ചെയ്യും...പക്ഷെ, എനിക്ക് ഇന്നുറപ്പിച്ചു പറയാന്‍ കഴിയും ഞാന്‍ ഇന്നെന്താണോ എന്റെ ചിന്തകള്‍ എന്താണോ അത് എന്നില്‍ ഉദിപ്പിച്ചത് അച്ഛനാണ്.
അമ്മയും, അച്ഛനും നല്കുന്നതൊന്നിനും ഒന്നും പകരം വെക്കാനാകില്ല അതുകൊണ്ട് തന്നെ അച്ഛന്‍ പകര്‍ന്നു തന്നവ "ഞാനായി" നില്‍ക്കുന്നു എന്നൊരോര്‍മ്മയാണിത്. ലോകത്തിന്‍റെ  ഏതോ ഒരു കോണില്‍ ഇരുന്നു അച്ഛന്‍ ഈ കുറിപ്പ് വായിച്ചു, താടി ഉഴിഞ്ഞു ചിരിക്കുന്നുണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. പെട്ടെന്നൊരു ദിവസം ജീവിതത്തില്‍ നിന്ന് അച്ഛന്‍ അപ്രത്യക്ഷന്‍ ആയപ്പോള്‍ തകര്‍ന്നു നിന്നവളില്‍ നിന്ന് ഒത്തിരിയേറെ മുന്നോട്ട് പോയിരിക്കുന്നു ജീവിതം. പക്ഷേ, ഇന്നും കര്‍ക്കിടകത്തിലെ മഴ പെയ്യുന്ന രാത്രികളില്‍, ഓണത്തിന്‍റെ പായസരുചികളില്‍, സന്തോഷത്തിന്‍റെ കണ്ണുനീരുപ്പില്‍, പ്രിയപ്പെട്ടവരുടെ വേര്‍പാടിന്‍റെ നിമിഷങ്ങളില്‍  ഞാനോര്‍ക്കും അച്ഛനിപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും! 

2 comments:

  1. ഗോപന്‍July 1, 2013 at 10:26 AM

    പലപ്പോഴും തോന്നുന്ന ഒരു സംശയം ഇനിയും ബാക്കി. ജീവിക്കേണ്ടത് സമൂഹത്തിന് വേണ്ടിയോ കുടുംബത്തിന് വേണ്ടിയോ എന്ന്. മകളായ ആര്‍ഷ എന്തു പറയുന്നു. വായനാ ദിനത്തെ നൊസ്റ്റാള്‍ജിക്കായി കണ്ടപ്പോള്‍ ഒരു നൊസ്റ്റാള്‍ജിയ തോന്നി. പണ്ട് വായിച്ച ഒരു ദേശത്തിന്‍റെ കഥ വീണ്ടും വായിച്ചപ്പോള്‍ അന്നത്തെ വികാരം വീണ്ടുകിട്ടിയില്ല. ഞാന്‍ മാറിയതോ കാലം മാറിയതോ.
    ആര്‍ഷയുടെ ബ്ലോഗ് കേരളാ ബ്ളോഗേഴ് ഡയറക്ടറിലേയ്ക്ക് ലിങ്ക് ചെയ്യണം
    ഗോപന്‍

    ReplyDelete
    Replies
    1. സമൂഹത്തിനു വേണ്ടിയും കുടുംബത്തിനു വേണ്ടിയും എന്ന് പറയേണ്ടി വരും ഗോപന്‍ ചേട്ടാ :) . പല ബുക്കുകളും പിന്നീടു വായിക്കുമ്പോള്‍ മാറിയതായി തോന്നാറുണ്ട് -ചിന്തകള്‍ മാറിയത് കൊണ്ടാകാം.

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)