Tuesday, April 20, 2010

യാത്ര

ആത്മാവിന്‍ സ്പന്ദനം തേടി
ഇരുളുന്ന പകലുകള്‍ക്കും ,വിതുമ്പുന്ന
രാവുകള്‍ക്കും മദ്ധ്യേ ,
ഇല്ലാത്ത തോണിയിലൊരു യാത്ര
ചിന്തകള്‍ക്ക് സുഗന്ധവും സ്വപ്നങ്ങള്‍ക്ക് നിറവു-
-മുണ്ടായിരുന്ന ഇന്നലെകളുടെ പുനര്‍ജ്ജനി തേടി
പണ്ടേ മറന്നൊരു വഴിയിലൂടിന്നു ഞാന്‍ വീണ്ടും
വാനപ്രസ്ഥങ്ങള്‍ക്കുമപ്പുറം തുണയായ്
ഇന്നിവിടെ നിനക്കെന്റെ നിഴല്ക്കൂട്ടു മാത്രം
ബന്ധങ്ങളുടെ ബന്ധനപ്പാടില്‍ -
ഔപചാരികതയില്‍ എന്‍ വിട നിനക്കായി മാത്രം
നിണമണിഞ്ഞയീ സ്വപ്ന കുമ്പിളിലെ
എരിഞ്ഞമര്‍ന്നോരെന്‍ ചിന്ത തന്‍ ചാരം
ചക്രവാളത്തിനപ്പുറം ഒഴുക്കിയെന്‍
ആത്മ തര്‍പ്പണം ഇന്ന് ചെയ്യട്ടെ ഞാന്‍
യാത്രാ മൊഴിയിലെന്‍ ഗദ്ഗദമുണ്ടാം
കരിഞ്ഞു വീണോരെന്‍ മോഹങ്ങളുണ്ടാം
നിറങ്ങള്‍ പോയോരെന്‍ ചിന്തകളുണ്ടാം
നഷ്ടമായ് പോയോരെന്നിലെ ഞാനുണ്ടാം
എങ്കിലും എന്നിമകളിറുക്കി അടയ്ക്കുന്നു ഞാന്‍
വിട പറഞ്ഞീടുമീ നിറമിഴി തുളുംബാതിരിക്കാന്‍
ഇനിയെന്‍ ഗദ്ഗദത്തിന്‍ മുടി  കെട്ടി
പിരിഞ്ഞീടട്ടെ ഞാന്‍ തളരാതെ വേഗം നടക്കാന്‍
മോഹഭംഗത്തിന്‍ പാഥേയം മറക്കയാണിവിടെ ഞാന്‍
നഷ്ട സ്വപ്നങ്ങളുടെ ഭാണ്ഡത്തിനൊപ്പം ......................

5 comments:

  1. മണ്ണും മോഹവും മാതൃത്വവുമൊക്കെ നിറഞ്ഞുതുളുന്പുന്ന കവിതകള്

    ReplyDelete
  2. അമ്മേ പിന്‍വിളി വിളിക്കാതെ
    മിഴിനാരു കൊണ്ടെന്റെ കഴലുകെട്ടാതെ
    പടിപാതി ചാരി തിരിച്ചു പോക
    മിഴി പാതി ചാരി തിരിച്ചു പോക.
    (യാത്രാമൊഴി-ചുള്ളിക്കാട്)
    ദുഖമെല്ലാം കടിച്ചിറക്കി
    സ്വപ്നമെല്ലാം നുണച്ചിറക്കി
    കൂടി നിന്നൊരാളുകള്‍ തന്‍
    കണ്ണില്‍ ന്നിന്നും നടന്നിറങ്ങി
    എട്ടുകെട്ടും പടിപ്പുരയും
    ഇട്ടെറിഞ്ഞിട്ടുണ്ണി നീങ്ങി.
    (യാത്രാ‍പ്പാട്ട്-ഡി.വിനയചന്ദ്രന്‍)

    മനസ്സുകളില്‍ നിന്നും നാട്ടില്‍ നിന്നും
    സ്നെഹത്തില്‍ നിന്നും കണ്‍ വെട്ടങ്ങളില്‍ നിന്നും ഇങ്ങനെ എത്ര നടന്നു മറയലുകള്‍.

    കയറിവരുന്ന പോലെ ഇറങ്ങി പോകലും കൂടിയാണല്ലോ ജീവിതം അല്ലേ.

    ReplyDelete
  3. യാത്രാ മൊഴിയിലെന്‍ ഗത്ഗതമുണ്ടാം
    കരിഞ്ഞു വീനോരെന്‍ മോഹങ്ങളുണ്ടാം
    നിറങ്ങള്‍ പോയെരെന്‍ ചിന്തകളുണ്ടാം
    നഷ്ടമായ് പോയോരെന്നിലെ ഞാനുണ്ടാം
    ........................
    മോഹഭംഗത്തിന്‍ പാഥേയം മറക്കയാണിവിടെ ഞാന്‍
    നഷ്ട സ്വപ്നങ്ങളുടെ ഭാണ്ടത്തിനൊപ്പം ...

    ഹൃദയത്തില്‍ ആഴ്ന്നിറങ്ങി, അറിയാതെ നോവ്‌ പകരുന്ന വരികള്‍... മനോഹരം...

    ReplyDelete
  4. ഇപ്പോള്‍ ഉള്ള ശ്യാമ,ഇവയുടെ നിഴലുകള്‍ ആണ്.നല്ല നല്ല രചനകള്‍ ഉണ്ടാവട്ടെ ഇനിയും ഇതുപോല്‍.

    ReplyDelete
    Replies
    1. മൂന്നു വര്ഷം കൊണ്ട് നിഴലായി :) . നന്ദി കാത്തീ... ഈ വായനയ്ക്ക് സ്പെഷ്യല്‍!

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)