Monday, January 1, 2018

'ഒരമ്മയും ഒരച്ഛനും പിന്നൊരു കൂട്ടം ആളോളും'

കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞു നിര്‍ത്തിയതില്‍ നിന്ന് തുടങ്ങാമല്ലേ ഇപ്പ്രാവശ്യം? കുഞ്ഞുങ്ങളുടെ കണ്ണിലെ പൂത്തിരികള്‍ - അത് തെളിയിക്കാനും അണയ്ക്കാനും കഴിവുള്ള രണ്ടു വിഭാഗമാണ് രക്ഷിതാക്കളും അദ്ധ്യാപകരും. ഈ കുറിപ്പ് എഴുതുമ്പോള്‍ പോലും കൊല്ലത്തൊരു കുഞ്ഞിന്‍റെ കണ്ണിലെ പൂത്തിരി അണഞ്ഞ വിഷയം ഫേസ്ബുക്ക് സ്ക്രീനില്‍ സ്ക്രോള്‍ ചെയ്തു നീങ്ങുകയാണ്. ഒരുപാടു തവണ വായിച്ചും പറഞ്ഞും കടന്നുപോയ വിഷയം ആണെങ്കിലും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ തോന്നുന്നത് അതുകൊണ്ടാണ്. കുഞ്ഞുങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടാകാനുള്ള ഏറ്റവും നല്ലയിടം വീടുകളാണ്, രണ്ടാമത് സ്കൂളുകളും. എന്തൊക്കെ തരത്തിലുള്ള പ്രകോപനങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ജീവനൊടുക്കാന്‍ പാടില്ലായിരുന്നു എന്ന തോന്നല്‍ ആ കുഞ്ഞിനു കൊടുക്കാന്‍ കഴിയാതിരുന്ന ഓരോരുത്തരും അതില്‍ പങ്കാളിയാണ്..സ്കൂളും, ബന്ധുക്കളും, സമൂഹവും ഒക്കെ. പക്ഷേ, ഓരോരുത്തരുടെയും പങ്കു വ്യത്യസ്തമാണുതാനും.

ആ ഒരു പോയിന്റില്‍ നിന്നാകട്ടെ നമ്മുടെ ഇന്നത്തെ വിഷയം. കഴിഞ്ഞ ലക്കത്തില്‍ ഞാന്‍ പറയാമെന്ന് ഏറ്റിരുന്ന രണ്ടാമത്തെ അമ്മയുടെ കഥ.
ഒന്നര രണ്ടു  വയസുള്ള ചെറിയ കുട്ടിയുടെ അമ്മയാണ് ഈ കഥ പറയുന്നത്. ജോലിസംബന്ധമായി ദൂരെയൊരു നഗരത്തിലെ ഫ്ലാറ്റില്‍ താമസിക്കുന്ന അച്ഛനും,അമ്മയും,ചെറിയ കുട്ടിയും അടങ്ങുന്ന അണുകുടുംബം. നേരെ എതിരെയുള്ള ഫ്ലാറ്റില്‍ താമസിക്കുന്നത് ജോലിക്ക് പോകാന്‍ തക്ക മുതിര്‍ന്ന മക്കളുള്ള ഒരു കുടുംബമാണ്. സ്വാഭാവികമായും പകല്‍സമയങ്ങളിലെ വിരസതയില്‍ ഈ രണ്ടു വയസുകാരി ഒരു  ആശ്വാസം ആണ് അപ്പുറത്തെ വീട്ടിലെ അമ്മൂമ്മക്ക്. ചെറിയ കുഞ്ഞിന്‍റെ ചെറുപ്പക്കാരിയായ അമ്മയ്ക്ക്  ആണെങ്കിലോ ഇങ്ങനെ വിശ്വസിക്കാവുന്ന തരത്തില്‍ ഒരു അയല്‍ക്കാരി അമ്മൂമ്മയെ കുഞ്ഞിനു കിട്ടിയതില്‍ വളരെ ആശ്വാസവും. പകലുകളില്‍ ഇടക്കൊക്കെ  ഒരോട്ടക്കുളി കുളിക്കാന്‍ സമയം കിട്ടാന്‍ അമ്മ കുഞ്ഞിനെ അങ്ങോട് കൊടുക്കുകയോ, വീട്ടുജോലി തീര്‍ന്നുള്ള ഇടവേളകളില്‍ അമ്മൂമ്മ കുഞ്ഞിനെ ഇങ്ങോട് വന്നു എടുക്കുകയോ ഒക്കെ ചെയ്യും. അമ്മൂമ്മക്ക് കുഞ്ഞിനോട് സ്വന്തം പേരക്കുട്ടിയോട്‌ എന്നപോലെ സ്നേഹവും ആണ്. ഇനിയാണ് ചെറുതെങ്കിലും അല്പം കാര്യത്തിലുള്ള പ്രശ്നം പൊങ്ങി വരുന്നത്.

സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്ന കുഞ്ഞിനെ കരയാതെ ഇരുത്താന്‍ അമ്മൂമ്മ ആദ്യം ചെയ്യുന്നത് ടെലിവിഷനില്‍ നഴ്സറിപ്പാട്ടുകള്‍ വെച്ചുകൊടുക്കലാണ്. കൂട്ടത്തില്‍ സ്നേഹം കാട്ടാന്‍ ചോക്ലേറ്റും കൊടുക്കും. അതുകൊണ്ടുതന്നെ കുഞ്ഞിനു അവിടേക്ക് പോകാന്‍ വളരെ ഇഷ്ടവുമാണ്. അമ്മയുടെ പ്രശ്നം കുഞ്ഞിനെ അധികം TV  കാണിക്കാനോ, ദിവസവും ചോക്ലേറ്റ് പോലുള്ള മധുരം കൊടുക്കണോ ഇഷ്ടമല്ല എന്നുള്ളതുമാണ്. കൈക്കുഞ്ഞിനേയും കൊണ്ട്അവിടേക്ക് മാറിവന്ന സമയങ്ങളില്‍ ഈ അമ്മൂമ്മ വളരെ വലിയൊരു ആശ്വാസം ആയിരുന്നതിനാല്‍ ആളിനെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയാനോ, കുഞ്ഞിനെ അങ്ങോട്ടേക്ക് വിടണ്ട എന്ന് വെക്കാനോ കഴിയുന്നില്ല. ഒന്നുരണ്ടു പ്രാവശ്യം സൌമ്യമായി  മധുരം കൊടുക്കണ്ട എന്നും, TV അധികം കാട്ടണ്ട എന്നുമൊക്കെ പറഞ്ഞെങ്കിലും അതൊന്നും ഫലിക്കുന്നില്ല, കാണുമ്പോള്‍ ഇതൊക്കെ തന്നെയാണ് അവസ്ഥ എന്നും, ചോദിക്കുമ്പോള്‍ കുഞ്ഞു കരഞ്ഞത് കൊണ്ടും ചോദിച്ചത് കൊണ്ടുമാണ് മധുരം കൊടുത്തത് എന്നുമാണ് അമ്മൂമ്മയുടെ മറുപടി. എങ്ങനെയാണു ഈ അവസ്ഥ കൈകാര്യം ചെയ്യേണ്ടത് എന്നായിരുന്നു ആ അമ്മയുടെ വിഷമാവസ്ഥയിലുള്ള പോസ്റ്റ്‌.  ഈ കുറിപ്പ് വായിക്കുന്ന എല്ലാവരുടെയും മുഖത്ത് പല രീതിയിലുള്ള ചെറുപുഞ്ചിരികള്‍ വിരിയുന്നത് എനിക്ക് കാണാം. കാര്യം വളരെ നിസാരം തന്നെയാണ്, പക്ഷേ, മുതിര്‍ന്ന ബന്ധുക്കളൊന്നും അടുത്തില്ലാത്ത അയല്‍പ്പക്കക്കാരില്‍ വളരെയധികം ആശ്രയിക്കുന്ന ചെറുപ്പക്കാരിയായ അമ്മയ്ക്ക് ഉറക്കം പോകാന്‍ ഇതൊക്കെ തന്നെ ധാരാളം അല്ലേ?

പല തരത്തിലുള്ള മറുപടികളില്‍ നിന്ന് ആ അമ്മ ഉചിതമായ ഒന്ന് തിരഞ്ഞെടുത്തു കാണുമെന്നു നിങ്ങളെപ്പോലെ തന്നെ ഞാനും പ്രതീക്ഷിക്കുന്നു. പക്ഷേ, ചോദ്യം ഇപ്പോള്‍ നിങ്ങളോടാണ്‌ - നിങ്ങളായിരുന്നു ആ അമ്മയുടെ സ്ഥാനത്ത് എങ്കില്‍ എന്തുചെയ്തേനെ? ഇവിടെയാണ് ഒരു കുഞ്ഞിനെ രൂപപ്പെടുത്തുന്നതില്‍ അച്ഛനുമമ്മയ്ക്കും ശേഷം ആര്‍ക്കൊക്കെ എത്രത്തോളം പങ്കുണ്ടെന്ന് ചിന്തിക്കേണ്ടി വരുന്നത്. പഴയൊരു ആഫ്രിക്കന്‍ പഴമൊഴി ഉണ്ട് "It Takes A Village To Raise A Child". എത്രമേല്‍ സത്യമായ, ശ്രദ്ധേയമായ കാര്യമാണത്  അല്ലേ?

ഒരു കുഞ്ഞിന്‍റെ ജനനം മുതല്‍ ആ കുട്ടി ഒരു ഉത്തരവാദിത്തമുള്ള മനുഷ്യനായിത്തീരും വരെ എത്രപേരുടെ സ്നേഹവും, അദ്ധ്വാനവും, ചിന്തയും കൂടിക്കുഴഞ്ഞുണ്ടാകുന്ന പാതയിലൂടെയാണ് ആ കുട്ടി നടന്നു പോകേണ്ടത്? കുഞ്ഞുങ്ങള്‍ എപ്പോഴുമൊരു സ്പോഞ്ച്/ ഒപ്പുകടലാസ്  പോലെയാണ് - വളരെപ്പെട്ടെന്നു അവര്‍ക്കുചുറ്റിലുമുള്ള എന്തിനേയും ഒപ്പിയെടുക്കും. ഉള്ളിലേക്ക് ഏറ്റുന്നവയില്‍ നല്ലതോ, ചീത്തയോ, കള്ളമോ  സത്യമോ എന്നൊന്നുമുള്ള വേര്‍തിരിവുകള്‍ അവര്‍ക്കില്ല. കാണുന്നത് -  കേള്‍ക്കുന്നത് അപ്പാടെ ഉള്ളിലേക്ക് എടുക്കുക എന്നതാണ് ഒരു പ്രായം വരെ കുട്ടികള്‍ എല്ലാവരും ചെയ്യുന്ന ഒരു കാര്യം. അതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ അച്ഛനുമമ്മയും കളിക്കുന്നതും, സ്കൂള്‍ കളിക്കുന്നതും ഒക്കെ. അവരുടെ ആദ്യ സാമ്രാജ്യങ്ങളാണ് ഈ രണ്ടിടവും.


രണ്ടാമതൊരു കുഞ്ഞുണ്ടായപ്പോള്‍, അതും മകനാണ് എന്നറിഞ്ഞപ്പോള്‍ പലരും പറഞ്ഞ ഒരു കാര്യം മൂത്തയാളുടെ സാധനങ്ങള്‍ ഒക്കെ ഇളയ ആള്‍ക്കുപയോഗിക്കാമല്ലോ എന്നായിരുന്നു. ഇപ്പോള്‍ കുഞ്ഞന്‍റെ പതിനെട്ടാം മാസത്തില്‍ രണ്ടാളെയും നോക്കുമ്പോള്‍ ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന കാര്യം ജ്യേഷ്ഠന്‍റെ സാധനങ്ങള്‍ പങ്കുവെച്ചെടുക്കുന്നതിനെക്കാള്‍ കൂടുതല്‍ അനിയന്‍ സ്വന്തമാക്കിയത് മൂത്തയാളുടെ സ്വഭാവവും, പെരുമാറ്റ രീതികളുമാണ്. ചേട്ടനെപ്പോലെ സോഫയില്‍ വലിഞ്ഞുകയറി തല കീഴായി കിടക്കുക, സോക്ക്സ് എടുത്തു മുകളിലേക്ക് പൊക്കിയെറിയുക എന്തിനധികം - അവന്‍റെ 'അമ്മാ' എന്ന വിളിയുടെ ഈണം പോലും മൂത്തവന്‍റെ കോപ്പിയടിയാണ്. സ്വാഭാവികമായും മൂത്ത പുത്രന്‍, ആറരവയസുകാരന്‍ എന്തെങ്കിലും സാധനം കിട്ടാനോ സഹായത്തിനോ ഒക്കെയാണ് കൂടുതല്‍ സമയം എന്നെ "അമ്മാ" എന്ന് നീട്ടി വിളിക്കാറ്. അതുകൊണ്ട് കുഞ്ഞനും വിളി അങ്ങനെയാണ്, ഉച്ചത്തില്‍ നീട്ടി എന്തോ അത്യാവശ്യകാര്യം പറഞ്ഞു തീര്‍ക്കാനുള്ളപോലെ!  ഇതാരും പറഞ്ഞു പഠിപ്പിച്ചതല്ല, കുഞ്ഞു കണ്ട കാര്യത്തില്‍ നിന്നും, വളരുന്ന ചുറ്റുപാടില്‍ നിന്നും കുഞ്ഞു തന്നെ വികസിപ്പിച്ചെടുത്തതാണ്. അതുകൊണ്ടുതന്നെ ഒന്നര വയസുകാരനിലേക്ക് എന്തൊക്കെയാണ് കടന്നു ചെല്ലുന്നത് എന്ന് ഞങ്ങള്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട് - അത് എളുപ്പവുമാണ്. ഇതേ ശ്രദ്ധ ആറരവയസുകാരനും കൊടുക്കാറുണ്ട്. പക്ഷേ, ചില വാക്കുകള്‍ ചീത്ത വാക്കുകള്‍ ആണെന്ന്  പറഞ്ഞുകൊടുക്കേണ്ടി വരുന്നത്, അത്രമേല്‍ മനോഹരമായ പ്രയോഗമല്ല നമുക്കത് ഉപയോഗിക്കണ്ട എന്നു പറഞ്ഞുകൊടുക്കാന്‍ തുടങ്ങിയത് അവന്‍റെ ലോകം വീട്ടില്‍ നിന്ന് സ്കൂളിലേക്ക് വളരാന്‍ തുടങ്ങിയപ്പോള്‍ ആണ്. അവന്‍റെ സ്വഭാവം രൂപപ്പെടുത്തുന്നതില്‍ അച്ഛനമ്മമാര്‍ മാത്രമല്ലാതെ അദ്ധ്യാപകരും, കൂട്ടുകാരും, ബസ് ഡ്രൈവറും ഒക്കെ ചേര്‍ന്ന ഒരു സമൂഹമാകാന്‍ തുടങ്ങിയതുമുതല്‍.

കൊല്ലത്ത് പത്താംക്ലാസ്സില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി അദ്ധ്യാപികയുടെ ശിക്ഷണനടപടികളില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തു എന്ന് പത്രവാര്‍ത്ത - എന്തുകൊണ്ട്? എന്തുകൊണ്ട് ആ കുട്ടിക്ക് സ്കൂളില്‍ ഒരു പ്രശ്നം ഉണ്ടായാല്‍ അതിലെ ശരിതെറ്റുകള്‍ കൂട്ടുകാരോടോ, കുടുംബത്തിനോടോ ചര്‍ച്ച ചെയ്താല്‍ തീരും എന്ന് തോന്നിയില്ല. എന്തുകൊണ്ട് അത്തരമൊരു മനസിലേക്ക് ആ കുട്ടിയെ വളര്‍ത്തിയെടുക്കാന്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹത്തിനോ ആ കുട്ടിയുടെ രക്ഷിതാക്കളും, അദ്ധ്യാപകരും, കൂട്ടുകാരും, ബന്ധുക്കളും  ചേര്‍ന്ന ഒരു ക്ലോസ് സര്‍ക്കിളിനോ കഴിഞ്ഞില്ള? ചോദ്യമാണ്....വളരെ വളരെ ആലോചിച്ചു മാത്രം ഉത്തരം പറയേണ്ട, പ്രതിവിധി കണ്ടെത്തേണ്ട ചോദ്യം.

ഇനിയാണ് നമ്മള്‍ നമ്മുടെ ആദ്യകഥയിലേക്ക് തിരികെപ്പോകേണ്ടത്. രണ്ടു വയസുകാരിയുടെ ലോകം അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും വളര്‍ന്നു അടുത്ത വീട്ടിലെ അമ്മൂമ്മയിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ആ കുഞ്ഞിന്‍റെ സ്വഭാവ രൂപീകരണത്തില്‍, ജീവിതചര്യകളില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ തക്കരീതിയില്‍ മറ്റൊരാളുടെ സാമീപ്യം ഉണ്ടാകുമ്പോള്‍ രക്ഷിതാക്കള്‍ തന്നെയാണ് തീരുമാനിക്കേണ്ടത് - എത്രത്തോളം പ്രാധാന്യം ആ അയല്ക്കാരി അമ്മൂമ്മക്ക് കുഞ്ഞിനെ രൂപപ്പെടുത്തുന്നതില്‍ ഉണ്ട് എന്നുള്ളത്. ഓരോ കുടുംബവും അവരവര്‍ക്ക് യോജിച്ച രീതിയില്‍, സൌകര്യപ്രദമായ രീതിയില്‍ ആണ് കുഞ്ഞുങ്ങളെ വളര്‍ത്തുക. ചില രക്ഷിതാക്കള്‍ അവര്‍ക്ക്   അവരുടേതായ സമയം ലഭിക്കാന്‍ കുഞ്ഞിനു സ്ക്രീന്‍ ടൈം കൊടുക്കുന്നുണ്ടാകാം, ജോലിയുടേയും ജീവിതത്തിന്റേയും താളത്തില്‍ പലപ്പോഴും ടിന്‍-ഫുഡ്‌ ആശ്രയിക്കേണ്ടി വരുന്നുണ്ടാകാം, സമ്മാനങ്ങള്‍ കൊടുത്തു മാത്രം കുഞ്ഞിനെ അനുനയിപ്പിക്കേണ്ട അവസ്ഥകള്‍ ഉണ്ടാകാം.  ഇനി എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ എന്‍റെ കുഞ്ഞായിരുന്നു എങ്കില്‍ രണ്ടുവയസുകാരി ദിവസവും ചോക്ലേറ്റ് കഴിക്കുന്നതിനും, അല്‍പസമയത്തേക്ക് ആണെങ്കില്‍ കൂടി ടെലിവിഷന്‍ കാണുന്നതിനും എനിക്ക് വ്യക്തമായ അഭിപ്രായം ഉണ്ട്. ഞങ്ങള്‍ വീട്ടില്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന രണ്ടുകാര്യങ്ങള്‍ ദിനവുമെന്ന കണക്കില്‍ അടുത്ത വീട്ടില്‍ നിന്ന് കുഞ്ഞിനു കിട്ടുകയാണെങ്കില്‍ അതിനെക്കുറിച്ച് നല്ല രീതിയില്‍ അയല്‍ക്കാരിയെ പറഞ്ഞു മനസിലാക്കിക്കാന്‍ ശ്രമിക്കും. അത് ഫലിച്ചില്ല എങ്കില്‍ കുഞ്ഞ് ഒറ്റയ്ക്ക് ആ വീട്ടിലേക്ക് പോകുന്ന സാഹചര്യം കുറയ്ക്കും. ശക്തമായ ഭാഷയില്‍ വിയോജിപ്പ്‌ പറയേണ്ടി വന്നാല്‍ പറയുകയും ചെയ്യും, കാരണം ഒരുപക്ഷേ ഈക്കാര്യത്തില്‍ അയല്‍ക്കാരുടെ പ്രീതി ഓര്‍ത്ത് ഞാന്‍ പറയാതെ പോകുന്ന ഒരു "NO" എന്നെ പില്‍ക്കാലത്ത് വല്ലാതെ വിഷമിപ്പിച്ചേക്കാം.

ഇത് ആകണമെന്നില്ല എല്ലാവരുടേയും അഭിപ്രായം, രീതി. പക്ഷേ, എന്‍റെ കുഞ്ഞിനു മേല്‍ സമൂഹത്തിന്‍റെ പങ്ക് എത്തരത്തില്‍ ആകണമെന്ന്, സമൂഹത്തിന്‍റെ ഓരോ പ്രവര്‍ത്തിയുടേയും പരിണിതഫലം കുഞ്ഞിനെ എത്തരത്തില്‍ ബാധിക്കണമെന്നുള്ളതില്‍, ഇപ്പോഴത്തെ ചിന്ത ഇങ്ങനെയാണ്.  കൊല്ലത്തെ പെണ്കുഞ്ഞൊരു വേദനയാണ്...ആ വേദന നമ്മളെക്കൊണ്ട് ചിന്തിപ്പിക്കുമെങ്കില്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ നമ്മളോടൊപ്പം നില്‍ക്കേണ്ട ആ വില്ലേജിനെക്കുറിച്ച്, സമൂഹത്തിനെക്കുറിച്ച്, സമൂഹത്തിന്‍റെ പങ്കില്‍  എന്തൊക്കെക്കൊള്ളണം എന്തൊക്കെ തള്ളണം എന്നതിനെക്കുറിച്ച് നമുക്ക് മക്കളോടൊപ്പം ഇരുന്നു ചിന്തിക്കാം!(2017 - നവംബര്‍ ലക്കം OurKids Magazine)

Thursday, December 14, 2017

നന്ദി ചൊല്ലാന്‍ ഒരു ദിനം

ഇവിടിപ്പോള്‍ ഉത്സവങ്ങളുടെ കാലമാണ്..ഓരോരോ തരം പൂരങ്ങളും വേലകളും കൊടിയേറുന്ന കാലമാണ് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള  അമേരിക്കന്‍പൂരക്കാലം - കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട മാസങ്ങള്‍. കഴിഞ്ഞ മാസം ആത്മാക്കളുടെ മാസമായിരുന്നു. കുട്ടികളും മുതിര്‍ന്നവരും പലതരം വേഷങ്ങള്‍ കെട്ടി എല്ലാ വാതില്പ്പടിയിലും ചെന്ന് 'ട്രിക്ക് or ട്രീറ്റ്‌ ' ചോദിക്കുന്ന ഹാലോവീന്‍ ദിവസം. പലപ്പോഴും തോന്നാറുണ്ട് ആഘോഷങ്ങള്‍ക്ക് അഥവാ ഉത്സവങ്ങള്‍ക്ക് രാജ്യങ്ങള്‍ക്ക് അനുസരിച്ച് പേരും ഭാവവും മാറുന്നുവെന്നെയുള്ളൂ എന്ന്. ഇവയെല്ലാം ആത്യന്തികമായി മനുഷ്യചരിത്രത്തിനോടും ജീവിതത്തിനോടും, ബന്ധങ്ങളോടും ഇഴുകിച്ചേര്‍ന്ന് കിടക്കുന്നവയാണ്. ഹാലോവീനും നമ്മുടെ വാവുബലിയും അപ്പുറോം ഇപ്പുറോം നില്‍ക്കുന്ന രണ്ട് ആഘോഷങ്ങള്‍ ആണെന്ന് ചിന്തിപ്പിച്ചത് ഹാലോവീന്‍ ദിവസത്തിന് തലേന്ന് സെമിത്തേരി വൃത്തിയാക്കി എല്ലാ കല്ലറയും ഭംഗിയാക്കുന്ന ഒരുകൂട്ടം ആളുകളെ കണ്ടപ്പോഴാണ്.

ഈ മാസത്തെ ആഘോഷം വിളവെടുപ്പിന്‍റെ ഉത്സവമാണ് - അഥവാ നമ്മുടെ ഓണമാണ് പേരുമാറി ഇവിടെ എത്തിയിരിക്കുന്ന Thanksgiving എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ കരുതിയേക്കും എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. പക്ഷേ, സംഭവം ഒന്നാലോചിച്ചു നോക്കിയാല്‍ എവിടെയോ എന്തോ ഒരു ബന്ധമുണ്ടെന്നു മനസിലാകും. ഓണത്തിന്‍റെയും ഇവിടുത്തെ താങ്ക്സ്ഗിവിംഗ് ദിവസത്തിന്റെയും കഥ മാറ്റിവെച്ചാല്‍ രണ്ടിടത്തും കുടുംബസംഗമം ആണ് പ്രധാനം.  എവിടെ ആയിരുന്നാലും തിരുവോണത്തിന് സ്വന്തം വീട്ടില്‍ എല്ലാവരോടും ഒരുമിച്ചിരുന്ന് ഓണസദ്യ ഉണ്ണാന്‍ കൊതിക്കുന്ന ഒരു ശരാശരി മലയാളിക്ക് താങ്ക്സ്ഗിവിംഗ് ദിവസത്തില്‍ കുടുംബവുമായി ടര്‍ക്കി ഡിന്നര്‍ കഴിക്കാന്‍ ആഗ്രഹിക്കുന്ന ഇവിടെയുള്ളവരെ നല്ലതുപോലെ മനസിലാകും. രണ്ടും വിളവെടുപ്പിന്‍റെ ഉത്സവങ്ങളാണ്. നാട്ടില്‍ കള്ളക്കര്‍കിടകം കഴിഞ്ഞ് പഞ്ഞമാസത്തിന്‍റെ ദുരിതങ്ങളില്‍ നിന്ന് കരകയറി പുത്തനുടുപ്പ്  ധരിച്ച്  പുതിയതായി കൊയ്തെടുത്ത നെല്ലുകൊണ്ടുണ്ടാക്കിയ ഓണമുണ്ട് അടുത്ത കൊല്ലത്തെ ഓണത്തിന് വേണ്ടി കാത്തിരുന്ന നമ്മളും, ഏതാണ്ടെല്ലാ കൃഷിയും വിളവെടുത്ത് കഴിഞ്ഞ് സുഭിക്ഷമായൊരു അത്താഴം thanksgiving ദിനത്തില്‍ കഴിച്ച് ശൈത്യകാലത്തിന്‍റെ കരിമ്പടം പുതയ്ക്കാന്‍ ഒരുങ്ങുന്ന ഇവരും ഒരുപോലെ തന്നെ! രണ്ടിടത്തും കാണാം സാംസ്‌കാരിക പൈതൃകങ്ങളുടെ പിന്തുടര്‍ച്ച.


ജനിച്ചു വളര്‍ന്നയിടത്തല്ലാതെ മറ്റൊരു ഭൂമികയില്‍ വ്യത്യസ്തമായ ഒരു ഇന്നലെയുമായി കഴിയുന്നത് കൊണ്ടാണോ എന്നറിയില്ല പലപ്പോഴും ആഘോഷങ്ങളിലെ സമാനതകള്‍ വളരെ സന്തോഷിപ്പിക്കാറുണ്ട്. എല്ലാ ആഘോഷങ്ങളും കുട്ടികളുടെ ഓര്‍മകളിലേക്ക് നമ്മള്‍ ചേര്‍ക്കുന്ന ഫിക്സ്ഡ് ഡെപ്പോസിറ്റുകളാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് അവര്‍ ജീവിക്കുന്ന രാജ്യത്തിന്‍റെ പൊതുവായ ആത്മാവ് നഷ്ടമാകരുത് എന്ന നിര്‍ബന്ധബുദ്ധിയാല്‍ എല്ലാ ആഘോഷങ്ങളും കഴിയുന്നത്ര നമ്മുടേതാക്കാറുണ്ട്. ഇനി കുറച്ചു ചരിത്രം പറയാം - ഈ നന്ദി പറച്ചിലിന്‍റെ ചരിത്രം.

നവംബറിലെ നാലാമത്തെ വ്യാഴാഴ്ചയാണ് അമേരിക്കക്കാര്‍ താങ്ക്സ്ഗിവിംഗ് ദിവസമായി ആഘോഷിക്കാറുള്ളത്. 1621 ല്‍ യുറോപ്പില്‍ നിന്നും പലായനം ചെയ്ത ഒരുകൂട്ടം ആളുകള്‍ (പില്‍ഗ്രിംസ്) അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. പ്രതികൂല കാലാവസ്ഥയും ദീര്‍ഘമായ യാത്രയും അവരില്‍ പലരെയും അവശരും രോഗിയുമാക്കിയിരുന്നു. അന്ന് ഇവിടെയുണ്ടായിരുന്ന അമേരിക്കന്‍ ഗോത്രവര്‍ഗക്കാര്‍ക്ക് (റെഡ് ഇന്ത്യന്‍സ്) പലര്‍ക്കും ഇത്തരത്തില്‍ എത്തിപ്പെട്ട യുറോപ്പുകാരെ സ്വീകരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു ചെറിയ വിഭാഗം തദ്ദേശീയര്‍ ഇവിടെ അഭയാര്‍ത്ഥികളായി എത്തിയവരെ രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും, കൃഷി ചെയ്യാനുമൊക്കെ സഹായിച്ചുവെന്നും ആദ്യ വിളവെടുപ്പിനു ശേഷം തങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന റെഡ്ഇന്ത്യക്കാര്‍ക്ക് പില്‍ഗ്രിംസ് നന്ദിസൂചകമായി ഒരു സദ്യ നല്‍കിയെന്നും ആ ആഘോഷ-തീറ്റ-വിരുന്ന് മൂന്നു ദിവസം നീണ്ടു നിന്നു എന്നുമാണ് കഥ. അന്നത്തെ നന്ദി ചൊല്ലലിന്‍റെ ഓര്‍മ  നിലനിര്‍ത്താനാണ് കുറേയേറെ നാള്‍ അമേരിക്കയില്‍ താങ്ക്സ്ഗിവിംഗ്  ആഘോഷിച്ചിരുന്നത്. പലപ്പോഴും രാജ്യത്തിന്‍റെ പലയിടങ്ങളില്‍ പല സമയത്ത് ആഘോഷിച്ചിരുന്ന ഈ ഉത്സവത്തിനെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചത് പ്രസിഡന്റ് എബ്രഹാം ലിങ്കന്‍ ആണ്. 1863 ല്‍ അമേരിക്കന്‍ ആഭ്യന്തര കലാപ വേളയില്‍ ശ്രീ.അബ്രഹാം ലിങ്കന്‍ നവംബറിലെ നാലാമത്തെ വ്യാഴാഴ്ച വിളവെടുപ്പിന്‍റെ ഉത്സവമായി കണക്കിലെടുത്ത് ദൈവത്തിന് ശക്തികള്‍ക്ക് പ്രകൃതിക്ക് നന്ദി  പറയുന്ന  ദിനമായി ആഘോഷിക്കാന്‍ നിര്‍ദ്ദേശിക്കുകയും, കുടുംബങ്ങള്‍ ഒത്തുകൂടി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ഒരു ദിവസമെന്ന രീതിയിലേക്ക് താങ്ക്സ്ഗിവിംഗ് മാറുകയും ചെയ്തു.


താങ്ക്സ് ഗിവിംഗ് ആഘോഷങ്ങളിലെ ഒരു  പ്രധാന ആകര്‍ഷണം ടര്‍ക്കി ഡിന്നറും മത്തങ്ങ കൊണ്ടുള്ള മധുരമായ PumpkinPie യുമാണ്‌. കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ thanksgiving വളരെ പ്രധാനമാണ്. തറവാട് വീടുകളില്‍ നടക്കുന്ന അത്താഴവിരുന്നില്‍ ടര്‍ക്കി മുറിക്കുക എന്ന ചുമതല വളരെയധികം ബഹുമാനം അര്‍ഹിക്കുന്ന ഒന്നാണ്. കോഴിയെ നിറച്ചുപൊരിക്കുന്നത് പോലെ ഒരു മുഴുവന്‍ ടര്‍ക്കിയെ മുട്ടയും മസാലയും ഒക്കെ ചേര്‍ത്ത് നിറച്ചുപൊരിച്ച് എടുക്കുന്നു. ഉരുളക്കിഴങ്ങ് പുഴുങ്ങിയുടച്ചത്, മധുരക്കിഴങ്ങ്, ബ്രസ്സല്‍ സ്പ്രൌട്സ്, ക്യാരറ്റ്, ക്രാന്ബെറി സോസ്, ചോളം, വിവിധ തരം മത്തങ്ങകള്‍ ഇതൊക്കെ ഒരു പരമ്പരാഗത സദ്യവട്ടത്തില്‍ ഉള്‍പ്പെടും. വീട്ടിലെ മുതിര്‍ന്നവര്‍ മറ്റു കുടുംബാംഗങ്ങള്‍ക്ക്  ഈ ജീവിതത്തിന്, സദ്യയ്ക്ക് ഒക്കെ നന്ദി പറയുന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തുകൊണ്ട്  അത്താഴവിരുന്നു തുടങ്ങുന്നു. സദ്യയ്ക്കൊരു പായസമില്ലാതെ സുഖമാവില്ല എന്ന് നമുക്ക് തോന്നുംപോലെ താങ്ക്സ്ഗിവിംഗ് അത്താഴത്തിനു 'പൈ' ഇല്ലാതെ ചിന്തിക്കാനാകില്ല ഇവര്‍ക്ക്. പലതരത്തിലുള്ള പഴവര്‍ഗങ്ങള്‍ കൊണ്ടുണ്ടാക്കിയ "പൈ" ലഭ്യമാണ് - ആപ്പിള്‍ പൈ, ബെറി പൈ, നാരങ്ങ പൈ, എന്തിന് തേങ്ങാപൈ വരെ! പക്ഷേ, ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ ഇവിടുത്തുകാര്‍ക്ക്  മത്തങ്ങയുമായി വളരെ ബന്ധപ്പെട്ടുകിടക്കുന്നു. ടര്‍ക്കി സദ്യക്കൊപ്പം മത്തങ്ങാമധുരവും കൂടിയായാല്‍ അത്താഴവിരുന്ന് സുഭിക്ഷം!


ഇവിടെ വീട്ടിലുമുണ്ട് ഒരു കുഞ്ഞു ടര്‍ക്കി സദ്യ - നിര്‍ത്തിപ്പൊരിക്കാനും തക്ക ധൈര്യം ഇല്ലാത്തത് കൊണ്ട് നമ്മളെക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറ്റുമെന്ന്‍ തോന്നുന്ന കുറച്ചു ഭാഗങ്ങള്‍ മുറിച്ചുമേടിക്കല്‍ ആണ് പതിവ്. പൈ ഒഴികെയുള്ളതൊക്കെ ഉണ്ടാക്കാന്‍ നോക്കും. മത്തങ്ങാപൈ അതിന്‍റെ തനതായ രുചിയില്‍ ഉണ്ടാക്കുന്ന ഒരിടത്ത് നിന്ന് വാങ്ങുകയും ചെയ്യും. പിന്നെ ഇന്നലെകള്‍ക്കും, ഇന്നിനും, വരാന്‍ പോകുന്ന നാളെകള്‍ക്കും പുഞ്ചിരികള്‍ക്കും വീഴ്ചയുടെ അപ്പുറമുള്ള കയറ്റങ്ങള്‍ക്കും ഇരുളിന് ശേഷമുള്ള വെളിച്ചത്തിനും മഴക്കും മഞ്ഞിനും ഒക്കെ നന്ദി പറഞ്ഞുകൊണ്ട് ഈ ആഘോഷത്തിനെ ഓര്‍മകളിലേക്ക് ചേര്‍ക്കും!
 വാല്‍ക്കഷ്ണം : ടര്‍ക്കി നിര്‍ത്തിപ്പൊരിച്ചത് എന്നൊക്കെ കേട്ട് നാക്കില്‍ വെള്ളമൂറിയിരിക്കുന്നവരോട് "ഓ, നമ്മുടെ ബീഫ് ഉലര്ത്തിയതിന്റെ  അത്രയൊന്നും ഇല്ലാന്നേ "


(Pennidam 2017 -Thanksgiving November )

Tuesday, November 14, 2017

ഉസ്കൂളിലെ കുട്ടി!

ഒന്നിനുമൊന്നിനും സമയമില്ലാതെ ഓടുന്നതിനിടയിലും ഫേസ്ബൂക്കിലും വാട്ട്സാപ്പിലുമുള്ള ഒരു വിധം ഗ്രൂപ്പുകളിലൊക്കെ കൊണ്ട് തല വെച്ചുകൊടുക്കുന്ന ഒരാളാണ് ഞാന്‍, പ്രത്യേകിച്ചും കുട്ട്യോളെ വളര്‍ത്തലും മര്യാദ പഠിപ്പിക്കലുമൊക്കെ  മുഖമുദ്രയാക്കിയ ഗ്രൂപ്പുകളില്‍. അതിലോരോരോ അമ്മമാരുടെ വിഷമങ്ങളും വേവലാതികളും കാണുമ്പോള്‍ 'അപ്പുറത്തെ വീട്ടിലും കറന്റില്ല' എന്ന പോലൊരു മലയാളി ആശ്വാസം എനിക്കും തോന്നാറുണ്ട് എന്നുള്ളത് മാത്രമല്ല കേട്ടോ ഞാനീ ഗ്രൂപ്പുകളിലൊക്കെ കേറിയിറങ്ങുന്നതിന്‍റെ ഉദ്ദേശം. ചിലപ്പോഴെങ്കിലുമൊക്കെ 'നാമൊന്ന് നമുക്കൊന്ന്' ലെവലില്‍ ഒറ്റക്കുഞ്ഞും അമ്മയും അച്ഛനും മാത്രമുള്ള കുടുംബങ്ങളുമായി കഴിയുന്ന പലര്‍ക്കും ചെറിയ ചെറിയ കാര്യങ്ങള്‍ പോലും വലിയ വലിയ പ്രശ്നങ്ങളായി തോന്നുകയും അണുകുടുംബത്തിലെ വിഷമങ്ങള്‍ എവിടെക്കൊണ്ട് പങ്കുവയ്ക്കുമെന്നു അറിയാതെ കുഴങ്ങുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ "അതൊക്കെ ശരിയാകും" എന്നോ "ഇതൊക്കെ എല്ലാ കുട്ടികളും അങ്ങനെ തന്നെയാണ്" എന്നോ ഒരു വാചകം പറയുന്നതിലൂടെ മഞ്ഞുരുകിപ്പോകുന്നതുപോലെ അമ്മമാരുടെ സങ്കടം അലിഞ്ഞുപോകുന്ന അത്ഭുതം കാണാനും കൂടിവേണ്ടിയാണ് ഈ  ഗ്രൂപ്പുകള്‍. അറിഞ്ഞോ അറിയാതെയോ പലപ്പോഴും പഴയ കൂട്ടുകുടുംബത്തിലെ അമ്മായിമാരോ , ഇളയമ്മമാരോ, അമ്മമ്മമാരോ ഒക്കെയാകാറുണ്ട് പലരും.  സ്ത്രീകള്‍ക്ക് മാത്രമായുള്ള ഒരു ഗ്രൂപ്പില്‍ രണ്ടമ്മമാര്‍ പങ്കു വെച്ച അനുഭവങ്ങളാണ്‌  ഇത്തവണത്തെ നമ്മുടെ വിഷയം. 

ആദ്യത്തെ അമ്മയുടെ കഥയില്‍, ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകനെക്കുറിച്ചു അദ്ധ്യാപികയ്ക്ക് എപ്പോഴും പരാതിയാണെന്ന് വളരെ വിഷമത്തോടെയാണ് അവര്‍ പറഞ്ഞത്. ക്ലാസ്സില്‍ ഇരുന്നു സംസാരിക്കുന്നു, കൂട്ടുകാരോടൊപ്പം പഠനസമയത്ത് കളിക്കുന്നു അങ്ങനെ വലിയൊരു നിര കുറ്റം കഴിഞ്ഞ പ്രാവശ്യം ടീച്ചറിനെ കണ്ടപ്പോള്‍ മകനെക്കുറിച്ചു കേട്ട  അമ്മ വീട്ടിലെത്തിയപ്പോള്‍ സ്വാഭാവികമായും മോനെ വഴക്ക് പറയാനാണ് സാധ്യത. പക്ഷേ, ഈ അമ്മയ്ക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയാണ്. ടീച്ചറിനെ കണ്ടിട്ട് വീട്ടില്‍ എത്തിയ മകനോട് ആ ടീച്ചര്‍ക്ക് മോന്‍ പറഞ്ഞാല്‍ അനുസരിക്കാത്തതില്‍ നല്ല വിഷമം ഉണ്ടെന്നു അമ്മ പറഞ്ഞപ്പോള്‍ ആകെ വിഷമം തോന്നിയ മകന്‍ അമ്മയോട് ടീച്ചര്‍ക്ക് കൊടുക്കാന്‍ ഒരു ചിത്രം വരയ്ക്കാന്‍ സഹായം ആവശ്യപ്പെടുകയും മനോഹരമായ ഒരു തത്തയെ വരക്കുകയും ചെയ്തു, 'to ..... teacher' എന്ന കുഞ്ഞിക്കയ്യാല്‍ എഴുതിയ പടം ചേര്‍ത്താണ് ആ അമ്മ ഈ വിഷയം ഗ്രൂപ്പില്‍ പോസ്ടിയിരുന്നത്. ടീച്ചറിന് വിഷമം ആയത് മാറാന്‍  വേണ്ടി , ഒരു ക്ഷമാപണം പോലെ വരച്ച ചിത്രം  - ഒരു ഒന്നാം ക്ലാസ്സുകാരന്‍റെ നിഷ്കളങ്ക മനസിന്‍റെ  ഈ ശ്രമത്തിനെ പിറ്റേ ദിവസം ആ അദ്ധ്യാപിക സ്വീകരിച്ചത് ചിത്രം തുറന്നു പോലും നോക്കാതെയാണ്. അമ്മയുടെ മുന്‍പില്‍ വെച്ച് ടീച്ചറിന് ചിത്രം കൊടുത്ത് അഭിനന്ദനം പ്രതീക്ഷിച്ചുനിന്ന കുഞ്ഞിന്‍റെ മനസാകെ വാടിപ്പോയത് ആ പേപ്പര്‍ തുറന്നുപോലും നോക്കാതെ അമ്മയോട് വീണ്ടും വീണ്ടും കുഞ്ഞിന്‍റെ കുറ്റം പറയുന്നത് കേട്ടപ്പോളാണ്. ഇനിയൊരിക്കല്‍ക്കൂടി ആയാല്‍ ഹെഡ്മാസ്ടറുടെ അടുത്ത് കൊണ്ടുപോകും എന്ന ഭീഷണിയില്‍ അവസാനിപ്പിച്ച ആ കൂടിക്കാഴ്ചയില്‍ മനസുലഞ്ഞ അമ്മയാണ് മറ്റുള്ള അമ്മമാര്‍ക്ക് മുന്‍പില്‍ മകന്‍ വരച്ച ചിത്രവും, ഈ പ്രശ്നവും ഒരു പോസ്ടാക്കി ഇട്ടത്.  

                       പലരും കുഞ്ഞിനെ സപ്പോര്‍ട്ട് ചെയ്തും, അമ്മയെ ആശ്വസിപ്പിച്ചും, സ്കൂളില്‍ പോയി ടീച്ചറിനെ ഇനിയും കാണണം എന്നുമൊക്കെ പലവിധത്തില്‍ പ്രതിവിധികള്‍ പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ ഞാന്‍ ആലോചിച്ചത്, ആ കുഞ്ഞിന്‍റെ കുഞ്ഞുബുദ്ധിയില്‍ തോന്നിയ എത്ര മനോഹരമായ കാര്യമായിരുന്നു ആ ചിത്രം - പഠിപ്പിക്കുന്ന ടീച്ചറിന് വിഷമം ആയിയെന്നു തോന്നിയപ്പോള്‍ ക്ഷമ ചോദിക്കണം എന്നറിയാനും മാത്രം ആ ആറര വയസുകാരന്‍ ആയിട്ടില്ല, എന്നാലോ ഒരു ചിത്രം വരച്ച് കൊടുത്താല്‍ ടീച്ചര്‍ സന്തോഷിച്ചേക്കും എന്ന് ആ ബാല്യത്തിനു തോന്നുകയും ചെയ്തു! ഇനിയെത്രകാര്യങ്ങള്‍ക്ക് അവനങ്ങനെ തോന്നും - ഇനിയെങ്ങനെയാണ് അവന് ഇത്ര  മനോഹരമായി ക്ഷമ ചോദിയ്ക്കാന്‍ തോന്നുക എന്നായിരുന്നു എന്‍റെ ചിന്ത മുഴുവന്‍!  ലോകത്തിന്‍റെ കള്ളത്തരത്തിലേക്ക് ഇറങ്ങും മുന്‍പ്, അവന്‍റെ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള "SORRY" ആയിരുന്നു ആ പച്ചത്തത്ത. 

               ആ കുഞ്ഞു മനസിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഞാനെന്‍റെ ഒന്നാം ക്ലാസ്സുകാരനെ ഓര്‍ത്തു! അനുസരണക്കേട്‌ കാട്ടിയതിന് വഴക്ക് കിട്ടിയാല്‍, 'അമ്മയ്ക്ക് കുഞ്ഞന്‍ അങ്ങനെ ചെയ്യാഞ്ഞത് നല്ല സങ്കടമായി കേട്ടോ' എന്ന് പരാതിപ്പെട്ടി ആകുമ്പോള്‍ ഒക്കെ പിന്നെയുള്ള ഒന്നുരണ്ടു മണിക്കൂറുകള്‍ എക്സ്ട്രാ -ഡീസന്റ് കുഞ്ഞപ്പന്‍ ആകുന്ന എന്‍റെ മകന്‍. ഇത്രയും നല്ലൊരു  കുട്ടി വേറെ ഈ  ലോകത്തിലുണ്ടോ എന്നുപോലും തോന്നിപ്പോകും, "സോപ്പന്‍ ചെക്കാ" എന്ന് ഞങ്ങള്‍ കളിയാക്കും. പക്ഷേ, മനസ്സില്‍ നല്ല സന്തോഷം തോന്നും - അവനറിയാമല്ലോ സങ്കടം മാറ്റാന്‍ ഇങ്ങനെയൊക്കെ ചെയ്താല്‍ മതി എന്ന്, അല്ലെങ്കില്‍ അവന്‍റെ രീതിയിലുള്ള ഒരു ക്ഷമാപണം ചെയ്യാന്‍ അവന് അറിയുന്നുണ്ടല്ലോ എന്ന്. ഇതിങ്ങനെയൊക്കെ തന്നെയാണ് സ്കൂളിലും എന്ന് ടീച്ചറിനെ കാണാന്‍ പോകുമ്പോള്‍ അറിയാറുണ്ട് - സാമാന്യം നന്നായിത്തന്നെ കിലുക്കാംപെട്ടി ആയ ആശാന്‍ ഉച്ചക്കുള്ള ഭക്ഷണമൊക്കെ അടുത്ത് ഇരിക്കുന്ന ആളിനനുസരിച്ചാണ് തിരികെ വീട്ടില്‍ കൊണ്ടുവരിക. നന്നായി സംസാരിക്കുന്ന ഒരാളാണ് അടുത്തെങ്കില്‍ അന്നത്തെ ഭക്ഷണം അതുപോലെ വൈകുന്നേരം വീട്ടില്‍ എത്തും. ടീച്ചറുടെ വക ചിലപ്പോള്‍ കുറിപ്പും കാണും - സംസാരം കൂടിയത് കൊണ്ട് വേറെ സീറ്റില്‍ ഇരുത്തി എന്ന്. പക്ഷേ, ഇന്നുവരെ സ്കൂളില്‍ ചെല്ലുമ്പോള്‍ അദ്ധ്യാപകര്‍ കുഞ്ഞുങ്ങളെക്കുറിച്ച് മോശം പറയാറില്ല എന്നത് ഇവിടെ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ചും എലെമെന്ററി ക്ലാസ്സുകളില്‍ ഉള്ള കുട്ടികളെ വളരെ നല്ല രീതിയിലെ രക്ഷിതാക്കളുടെ മുന്‍പില്‍ അവതരിപ്പിക്കാറുള്ളൂ. പ്രൈമറി തലങ്ങളില്‍ ഉള്ള അദ്ധ്യാപകര്‍ മിക്കവരും ചൈല്‍ഡ് സൈക്കോളജി, സ്പെഷ്യല്‍ ചൈല്‍ഡ് ബിഹേവിയര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശീലനം നേടിയവര്‍ ആണെന്നത് സ്കൂളുകളെ സ്നേഹിക്കാന്‍ കുഞ്ഞുങ്ങളെ സഹായിക്കുന്നു. 

കുഞ്ഞുങ്ങളെ മനസിലാക്കാന്‍ കുഞ്ഞുങ്ങളുടെ തലത്തിലേക്ക് ഇറങ്ങിനോക്കണം എന്ന് എപ്പോഴും തോന്നാറുണ്ട്. ഒരു അദ്ധ്യാപിക എന്ന നിലയില്‍ ആ ടീച്ചര്‍ ഒരു നല്ല ഉദാഹരണം അല്ല എന്ന് പറയുമ്പോഴും ഇന്ത്യയില്‍/കേരളത്തില്‍ എത്ര സ്കൂളുകളില്‍ കുഞ്ഞുങ്ങളെ അവരുടെ എല്ലാ കുരുത്തക്കേടോടും കൂടി ഇഷ്ടപ്പെടുന്ന അദ്ധ്യാപകരുണ്ടെന്നത് ചിന്തിക്കേണ്ട വിഷയം ആണ്. ഇവിടെ ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍ ആദ്യം ചെയ്യേണ്ടത് കുഞ്ഞിന്‍റെ മനസ്സില്‍ അവന്‍ ചെയ്ത നല്ല കാര്യത്തിനെ പ്രശംസിച്ച് വീണ്ടും അത് ചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് അവനെ എത്തിക്കുക എന്നതാണ്. വരച്ച ചിത്രത്തിനെ പുകഴ്ത്തുന്നതും, മറ്റുള്ള മുതിര്‍ന്നവര്‍ക്ക് കുഞ്ഞിന്‍റെ ചിത്രം കാട്ടിക്കൊടുക്കുന്നതും അവനില്‍ ആത്മവിശ്വാസം ഉണ്ടാക്കും. എന്നാല്‍ അതോടൊപ്പം തന്നെ ക്ലാസ്സില്‍ ടീച്ചര്‍ സംസാരിക്കുമ്പോള്‍ മറ്റു കളികളില്‍ ഏര്‍പ്പെടരുത് എന്നും, ടീച്ചര്‍ വായിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുമ്പോള്‍ അടുത്തിരിക്കുന്നവരോട് സംസാരിക്കരുത് എന്നും കുഞ്ഞിനെ പറഞ്ഞു മനസിലാക്കിക്കേണ്ടതും അത്യാവശ്യം ആണ്. ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞതുകൊണ്ട് ഒന്നാംക്ലാസ്സുകാരന്‍ പിറ്റേ ദിവസം മുതല്‍ ഒരക്ഷരം മിണ്ടാതെ ക്ലാസ്സില്‍ ശ്രദ്ധിക്കും എന്ന് കരുതുകയും ചെയ്യരുത്. കുട്ടികള്‍, പൊതുവേ എലെമെന്ററി പ്രായത്തിലുള്ള കുട്ടികള്‍ സംസരപ്രിയര്‍ ആയിരിക്കും. അതില്‍ ആണ്‍-പെണ് വ്യത്യാസങ്ങളില്ല തന്നെ! 5-8 വയസു വരെയുള്ള കുട്ടികളുടെ ശ്രദ്ധയുടെ ദൈര്‍ഘ്യം എന്നതും 15 - 20  മിനിറ്റില്‍ കൂടുതല്‍ ഉണ്ടാകില്ല. കുഞ്ഞുങ്ങളെ വഴക്ക് പറയും മുന്‍പ് ഇത്തരം കാര്യങ്ങള്‍ കൂടി നമ്മുടെ മനസില്‍ ഉണ്ടാകണം. 

രണ്ടാമതായി, ആ ടീച്ചറിനോട് ഒരിക്കല്‍ക്കൂടി കുഞ്ഞിന്‍റെ സാന്നിദ്ധ്യത്തില്‍ അല്ലാതെ സംസാരിക്കണം. മകന്‍ വീട്ടില്‍ ടീച്ചര്‍ വഴക്ക് പറഞ്ഞതിനെ ഒളിച്ചുവെക്കാതെ അമ്മയോട് പറഞ്ഞതും, അദ്ധ്യാപികയ്ക്ക് അത് വിഷമം ഉണ്ടാക്കിക്കാണുമെന്നു മനസിലാക്കി ടീച്ചറിനെ സന്തോഷിപ്പിക്കാന്‍ അവന്‍ ചെയ്ത പരിശ്രമത്തിനെക്കുറിച്ച് പറയുകയും വേണം. ടീച്ചറിനോട് വഴക്കുണ്ടാക്കുന്നത് കൊണ്ടോ , കുറ്റപ്പെടുത്തുന്നത് കൊണ്ടോ ഈ സാഹചര്യത്തില്‍ നല്ലതൊന്നും സംഭവിക്കാന്‍ സാദ്ധ്യത ഇല്ല, എന്നാല്‍ കുഞ്ഞിന്‍റെ സ്നേഹം ടീച്ചറിനെ മനസിലാക്കിക്കാന്‍ ശ്രമിച്ചാല്‍ വളരെ വലിയ മാറ്റങ്ങള്‍ രണ്ടാള്‍ക്കും ഉണ്ടായെന്നും വരാം. എന്‍റെ മകനുള്‍പ്പെടെയുള്ള ഒന്നാം ക്ലാസ്സുകാരെ കണ്ടിട്ടുള്ളതില്‍ നിന്നും ക്ലാസ്സില്‍ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും ഇരിക്കുന്ന കാക്കക്കൂട്ടങ്ങള്‍ ആയിട്ടാണ് തോന്നിയിട്ടുള്ളത്. ഇവിടെ സ്കൂളുകളില്‍ ഇടക്കൊക്കെ ടീച്ചര്‍ക്കൊരു കൈ സഹായം എന്ന രീതിയില്‍ കുട്ടികളുടെ ക്ലാസ്സില്‍ പോയിനില്‍ക്കാനുള്ള സാഹചര്യം കിട്ടാറുണ്ട്, അത് പലപ്പോഴും ഒരു പ്രായത്തിലുള്ള കുട്ടികള്‍ എങ്ങനെയാണു പെരുമാറുക എന്ന് മനസ്സിലാക്കാന്‍ എന്നെ സഹായിച്ചിട്ടുമുണ്ട്. 

എത്ര  തിരക്കുള്ള രക്ഷിതാവാണ്‌ നിങ്ങള്‍ എങ്കിലും കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ഇടക്ക് പോകണം, അദ്ധ്യാപകരോടും   സ്കൂളില്‍ കുട്ടി ഇടപഴകുന്ന മറ്റുള്ള ആളുകളോടും സംസാരിക്കുന്നത് കുഞ്ഞിനെ കൂടുതലായി അറിയാന്‍ നിങ്ങളെ സഹായിക്കും. നാട്ടിലെ സ്കൂളുകളില്‍ രക്ഷിതാക്കള്‍ക്ക് ക്ലാസ്സില്‍ സഹായിക്കാന്‍ പോകാന്‍ പറ്റുന്ന സാഹചര്യം ഉണ്ടോയെന്നറിയില്ല, ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇടക്കൊരു ദിവസം അങ്ങനെയൊരു സര്‍പ്രൈസ് സന്ദര്‍ശനം കൊടുത്തുനോക്കൂ, കുഞ്ഞുങ്ങളുടെ കണ്ണില്‍ നക്ഷത്രം വിരിയുന്നത് കാണാം. സ്കൂള്‍ ലോകം വേറെ വീട്ടിലെ ലോകം വേറെ എന്ന ചിന്തയും കുട്ടികളില്‍ നിന്ന്ഒരു പരിധി വരെ മാറ്റാന്‍ കഴിഞ്ഞേക്കും.  അപ്പോള്‍ ഈ മാസം മുതല്‍ മനസ്സില്‍ കരുതുക - അര ദിവസം ജോലിയില്‍ നിന്നും അവധിയെടുത്തിട്ടാണെങ്കിലും ശരി കുഞ്ഞുങ്ങളുടെ ഏറ്റവുമടുത്ത ആള്‍ക്കാര്‍ക്കൊപ്പം, അവരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ആളുകള്‍ക്കൊപ്പം  ഒരല്പനേരം ചിലവഴിക്കും എന്ന്‍.   എഴുതിയെഴുതി കാടുകയറിയതിനാല്‍ രണ്ടാമത്തെ അമ്മയനുഭവം അടുത്ത ലക്കത്തിലേക്ക് നീക്കിവെക്കുന്നു.  അതിലുമൊരു മഹാഭാരതവുമായി കാണും വരെ, കുഞ്ഞുങ്ങള്‍ക്ക് സ്നേഹത്തിന്‍റെ  പൂത്തിരികള്‍ കൊടുക്കാം നമുക്ക്.

(OurKid Magazine - October 2017)